പാലാ: പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ചുവർഷം പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ച ഡോ. വി.വി. ജോർജുകുട്ടി ഒട്ടലാങ്കൽ വിരമിക്കുന്നു. സിവിൽ സർവീസ് പരിശീലന രംഗത്ത് കാലാനുസൃതമായ മാറ്റവും ദിശാബോധവും കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ഭരണപരമായ നേട്ടങ്ങളിൽ ഒന്നാണെന്ന് മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു.
വിദ്യാർഥികളെ വ്യക്തിപരമായി മനസിലാക്കി ഒരോരുത്തർക്കും വേണ്ട മാർഗനിർദേശങ്ങളും ആത്മവിശ്വാസവും പകരുന്നതിൽ സവിശേഷശ്രദ്ധ പുലർത്തി. കെഎഎസ്, പിഎസ്സി മത്സരാർഥികൾക്കു വേണ്ടി നവീന പരിശീലനപദ്ധതിക്ക് ഡോ. വി.വി. ജോർജുകുട്ടി തുടക്കമിട്ടു. പാലാ സെന്റ് തോമസ് കോളജ് കൊമേഴ്സ് പ്രഫസറായിരുന്ന ഡോ. ജോർജുകുട്ടി 2013ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാ കണ്ട്രോളറായി.
കാലിക്കറ്റ് സെന്റ് സേവ്യേഴ്സ് കോളജിലും കട്ടപ്പന ജെപിഎം കോളജിലും പ്രിൻസിപ്പലായിരുന്നു. നാളെ നൽകുന്ന യാത്രയയപ്പ് സമ്മേളനത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനാകും.